കൊട്ടിയൂർ (കണ്ണൂർ) : ജനത്തിൻ്റെ സ്വൈര്യ ജീവിതത്തിന് ഒരു ഗുണവും ചെയ്യാത്ത നിയമ, പരിഷ്കാരങ്ങൾ ഉപേക്ഷിക്കാതെ പരിസ്ഥിതി ലോലം ചുമന്ന് നടപ്പാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളും വനം പരിസ്ഥിതി വകുപ്പും. ഒടുവിൽ രണ്ട് ദിവസം മുൻപാണ് വീണ്ടും ഒരു മാപ്പുമായി പരിസ്ഥിതി വകുപ്പ് ഓടിക്കിതച്ച് വന്നത്. ജനവാസ കേന്ദ്രത്തെയും കൃഷിയിടങ്ങളെയും ഒഴിവാക്കുന്നതിന് വേണ്ടി സർവേ നടത്തി റിപ്പോർട്ട് നൽകിയിട്ട് 4 മാസം കഴിഞ്ഞിട്ടും കൊട്ടിയൂർ പഞ്ചായത്തിലെ പരിസ്‌ഥിതി ലോല മേഖല (ഇഎസ്എ) യെ ഒഴിവാക്കാതെ കസ്‌തൂരി രംഗൻ റിപ്പോർട്ടിൻ്റെ പുതിയ മാപ്പുമായിട്ടാണ് വരവ്. കൊട്ടിയൂരിലെ 1.17 ചതുരശ്ര കിലോമീറ്റർ ജനവാസ കേന്ദ്രമാണ് പുതിയ മാപ്പിലും പരിസ്‌ഥിതി ലോല മേഖലയായി തന്നെ തുടരുന്നത്. ഏകദേശം 300 ഏക്കറിൽ അധികം വരുന്ന ജനവാസ കേന്ദ്രത്തെ എന്തിനാണ് ഒരു ലോല ഭൂമിയാക്കി നിലനിർത്തുന്നതെന്നും ആർക്കാണ് ഇത്രയ്ക്ക് ശുഷ്കാന്തിയെന്നും വ്യക്തമാകേണ്ടതുണ്ട്. വന്യജീവി സങ്കേതത്തിൽ നിന്നും റിസർവ് വന മേഖലയിൽ നിന്നും വളരെ അകലെയാണ് പ്രദേശം എങ്കിലും മാപ്പിൽ ഇത് മലയോര ഹൈവേയിൽ നിന്ന് -ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊട്ടിയൂർപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ ഉൾപ്പെടുന്ന പന്നിയാമലയ്ക്കും പാലുകാച്ചിക്കും ഇടയിലുള്ള ജനവാസ കേന്ദ്രങ്ങളാണ് പുതിയ മാപ്പിലും പഴയതു പോലെ തന്നെ ലോല മേഖലയായി തുടരുന്നത്. കരട് പുറത്തിറക്കുന്നതിന് മുൻപായി കഴിഞ്ഞ ജനുവരിയിൽ തന്നെ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്ന് സംസ്‌ഥാന സർക്കാരിന് കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് നിർദേശം നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിൻ്റെ സഹകരണത്തോടെ വേണം പരിശോധനയെന്നും നിർദേശം ഉണ്ടായിരുന്നു. എന്നാൽ നിർദേശിക്കപ്പെട്ട രീതിയിൽ പരിശോധന നടത്തിയില്ല. ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടയിൽ തിരക്കിട്ട് പരിശോധന നടത്തുകയാണ് ഉണ്ടായത്. എന്നാൽ പഞ്ചായത്തുകൾ കൃത്യമായി തന്നെ സർവേ നടത്തി റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് നൽകി. പക്ഷെ മാപ്പ് പ്രസിദ്ധീകരിച്ചപ്പോൾ പഴയ നിലയിൽ തന്നെ ലോല മേഖല ഉൾപ്പെട്ട നിലയിലാണ് ഉള്ളത്. റിപ്പോർട്ട് സമർപ്പണത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്ച്‌ച വന്നിട്ടുള്ളതായി മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നതാണ്. വീണ്ടും വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളാണ് ഉൾപ്പെട്ടിട്ടുള്ളത്.
The people will be poisoned and then the environment 'Lolan'.